കഴിഞ്ഞദിവസം അന്തരിച്ച പ്രഗത്ഭനായ മാനേജ്മെന്റ് ഗുരു പ്രഫ. ജെ. ഫിലിപ്പിന്റെ സംസ്കാരം ഇന്ന്
ആ ദീപം പൊലിഞ്ഞപ്പോൾ, നമ്മുടെ പ്രഫ. ജെ. ഫിലിപ്പ്, ഒരു മാനേജ്മെന്റ് അധ്യാപകൻ എന്ന നിലയിൽ 65 കൊല്ലത്തെ ശ്രേഷ്ഠ സേവനം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ആദ്യം മാനേജ്മെന്റ് രംഗത്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നേടി, പിന്നീട് കാൽ നൂറ്റാണ്ടുകാലം മാനേജ്മെന്റ് വിദ്യാലയങ്ങളിൽ പഠിപ്പിച്ച്, അതിനിടയ്ക്ക് പഠിച്ച ശാസ്ത്രീയ രീതികൾ പ്രായോഗികതലത്തിൽ നടപ്പിലാക്കി. ഒരു ഐഐഎമ്മിന്റെ ഡയറക്ടർ പദവി അലങ്കരിച്ച്, അവസാനം ഇതേ മേഖലയിൽ ഒരു സംരംഭകനായി സൈം (XIME), എന്ന സ്ഥാപനം കെട്ടിപ്പടുത്ത്, അങ്ങനെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച് ലോകത്തെ മുഴുവൻ അന്പരിപ്പിച്ച ഒരു പ്രതിഭാധനന്റെ ഇഹലോക ജീവിതം അവസാനിച്ചിരിക്കുന്നു.
1960കളിൽ ജംഷഡ്പുരിൽ ഈശോസഭാ വൈദികർ ആരംഭിച്ച സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ജോസഫ് ഫിലിപ്പ് എന്ന ചെറുപ്പക്കാരൻ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. യാത്രപറയാൻ ഡയറക്ടറച്ചനെ കാണാൻ ചെന്ന നമ്മുടെ കഥാനായകനോട് അദ്ദേഹം പറഞ്ഞു: “നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യുക, അമേരിക്കയിലേക്കു പോകാൻ തയാറാവുക, നിന്നെ ഞങ്ങൾ ഹാർവർഡ് ബിസിനസ് സ്കൂളിലേക്കു പരിശീലനത്തിന് അയയ്ക്കുന്നു.”
ബിസിനസ് മാനേജ്മെന്റിന്റെ പരിശീലനം പൂർത്തിയാക്കിയെത്തിയ ജെ. ഫിലിപ്പിനെ, പ്രഫ. ഫിലിപ്പായി നിയമിച്ച്, സ്ഥാപനത്തിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സുകൾ അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തിൽ തുടങ്ങുകയായിരുന്നു. അവിടെ 15 കൊല്ലത്തെ അധ്യാപനവൃത്തി കഴിഞ്ഞപ്പോൾ, താൻ പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കി, തന്റെ ധിഷണാശക്തിയുടെ മാറ്റുരയ്ക്കാൻ അദ്ദേഹത്തിനൊരാഗ്രഹം. ഇന്ത്യയിൽ അക്കാലത്തെ മികച്ച ലക്ഷ്വറി ഹോട്ടൽ ചെയിൻ, ഒബ്റോയ് ഹോട്ടൽക്കന്പനിയായിരുന്നു, മാനേജ്മെന്റ് തത്വങ്ങളുടെ പ്രായോഗിക പരീക്ഷണത്തിന് അദ്ദേഹം തെരഞ്ഞെടുത്തത്. അവിടെയും ഒന്നാംകിട റിസൽട്ടുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകഴിഞ്ഞ് ഇന്ത്യയിലെ വലിയ ഇരുന്പുരുക്ക് ശാലകളെ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനം, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ ട്രെയിനിംഗ് മാനേജരായി പ്രവർത്തനം. അവിടെയും വൻ വിജയം.
അപ്പോഴാണ് ഒരു പുതിയ വെല്ലുവിളി. ഇന്ത്യയിലെ പ്രശസ്തമായ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മുൻനിരയിൽനിന്നിരുന്ന ഐഐഎം ബാംഗളൂരിനു ശനിദശ. കുത്തഴിഞ്ഞുകിടന്ന സ്ഥാപനത്തെ മികച്ച സ്ഥാപനമായി മാറ്റിയെടുക്കാൻ നിയോഗം കിട്ടിയത് പ്രഫ. ഫിലിപ്പിന്. ജീവനക്കാരുടെ അച്ചടക്കമില്ലാത്ത യൂണിയൻ പ്രവർത്തനത്തെ അദ്ദേഹം ശക്തമായി ഇടപെട്ട് നിയന്ത്രിച്ചു. ന്യായമായ അവകാശങ്ങൾ ഉടനുടൻ സാധിച്ചുകൊടുത്തു. അച്ചടക്കത്തിന്റെ കാര്യത്തിൽ പക്ഷേ, കടുംപിടുത്തം!! 1991ൽ അദ്ദേഹത്തിന്റെ ആറു വർഷക്കാലം പൂർത്തിയായപ്പോഴേക്കും ഐഐഎം ബാംഗളൂർ പഴയ പ്രശസ്തി വീണ്ടെടുത്തുകഴിഞ്ഞിരുന്നു!
ഈ സമയത്ത് മറ്റ് പല ഐഐഎമ്മുകളിൽനിന്നും അദ്ദേഹത്തിന് ക്ഷണം. പക്ഷേ, അപ്പോൾ പ്രഫ. ഫിലിപ്പിന്റെ ജീവിതത്തിൽ വലിയ ആഘാതമേല്പിച്ച, തന്റെ മൂത്തമകൾ ഒരു റെയിൽവേ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ സംഭവം. ചെന്നൈയിൽ വിദ്യാർഥിനിയായിരുന്ന മരിയാ ഫിലിപ്പ് മരിക്കുന്നതിന് ഏതാനും ദിവസം മുന്പ് പ്രിയ ഡാഡിയോട് പറഞ്ഞിരുന്നു, “ഇനി ഡാഡി, ഒരു മാനേജ്മെന്റ് വിദ്യാലയം തുടങ്ങണം!” മകളുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആ പ്രിയ പിതാവ് തീരുമാനിച്ചു. സാഹസികമായ ഒരു തീരുമാനം. ഇതുവരെ അധ്യാപകനും മാനേജരുമായി ജോലിചെയ്തുകഴിഞ്ഞ താൻ ഒരു സംരംഭകനായിത്തീരണം. കൈവശമുള്ളത് 60,000 രൂപ മാത്രം! എടുത്ത തീരുമാനം നടപ്പാക്കിയേ തീരൂ. ചില വൈദിക മേലധ്യക്ഷന്മാരും വിശ്വസ്ത സുഹൃത്തുക്കളായ പലരും ഈ ആശയംകേട്ട് അദ്ദേഹത്തിനു പ്രോത്സാഹനമരുളി. അങ്ങനെയാണ് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME-സൈം) എന്ന മാനേജ്മെന്റ് വിദ്യാലയത്തിന്റെ പിറവി.
ബംഗളൂരുവിലായിരുന്നു ആദ്യ കാമ്പസ്. രണ്ടാമത്തെ കാന്പസ് കൊച്ചിക്കു സമീപം കളമേശേരിയിൽ, കിൻഫ്രയുടെ വ്യവസായ പാർക്കിൽ എച്ച്എംടി ഫാക്ടറിക്കടുത്ത് 2012ൽ സ്ഥാപിതമായി. ചെന്നൈയിൽ മൂന്നാമത്തെ കാന്പസ് 2018ൽ പ്രവർത്തനക്ഷമമാക്കി. ഈ മൂന്നു കാന്പസുകളിലായി ആണ്ടുതോറും 640 വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ പിജിഡിഎം കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നു. വിവിധ കന്പനികളിൽ ജോലിചെയ്യുന്ന നിരവധി മാനേജർമാർക്ക് അതതു കന്പനികളുടെ ആവശ്യാനുസരണം, തയാറാക്കിയ പ്രത്യേക കോഴ്സുകൾ നനടത്തുന്നു. ഇവിടെ കോഴ്സ് പൂർത്തിയാക്കുന്നമുറയ്ക്ക് പ്ലേസ്മെന്റ് ഇന്റർവ്യൂകൾക്കായി പ്രത്യേക പരിശീലന പരിപാടികളും നടത്തുന്നു.
മൂന്നു കാന്പസുകളും ഊർജസ്വലതയോടെ പ്രവർത്തിച്ച് വ്യവസായങ്ങൾക്ക് ആവശ്യമായ കഴിവുകൾ മുഴുവൻ പകർന്നുകൊടുത്ത്, ബിസിനസ് - വ്യവസായ മേഖലകളിലേക്ക് കഴിവുറ്റ ചെറുപ്പക്കാരെ ലഭ്യമാക്കിക്കഴിയുന്പോളും തന്റെ ഇഹലോക ജീവിതത്തിന്റെ സായാഹ്നത്തിലെത്തിക്കഴിഞ്ഞെന്ന് മനസിലായിട്ടും കഠിനാധ്വാനിയായ പ്രഫ. ഫിലിപ്പിന് വീണ്ടും സ്വപ്നങ്ങളുണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും നേടിയെടുക്കാനല്ല, സമൂഹത്തിന്, രാജ്യത്തിന് തന്നെക്കൊണ്ട് ഇനിയും സേവനം നൽകാനുണ്ട്, “അന്യജീവനുതകി സ്വജീവിതം ധന്യമാക്കണമെന്ന ആഗ്രഹം മാത്രം.”
പ്രൈവറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം, ഹൈദരാബാദിൽ നാലാമത് കാന്പസ് കെട്ടിപ്പടുക്കണം, പശ്ചിമേഷ്യയിൽ ദുബായിലോ സൗദി അറേബ്യയിലോ പുതിയ കാന്പസ് തുറക്കണം! തുടങ്ങിയ ആഗ്രഹങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. നിസാരമല്ലാത്ത ഈ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നോട്ടുപോകാൻ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്, ഇച്ഛാശക്തിയുള്ള അനിൽ ഫിലിപ്പിന് കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.
ഒരു മാനേജ്മെന്റ് വിദ്യാലയം നടത്തി, താൻ ഒരു മികച്ച മാനേജ്മെന്റ് ഗുരു എന്നതിനപ്പുറം ഒരു പരിശ്രമശാലിയായ സംരംഭകൻകൂടിയാണ് എന്ന് തെളിയിച്ചുകഴിഞ്ഞെങ്കിലും, അദ്ദേഹം കടന്നുവന്ന പാത കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഓരോ ഘട്ടത്തിലും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. പ്രതിബന്ധങ്ങളെ ശാന്തമായും ശക്തമായും നേരിട്ട്, തന്റെ അടിസ്ഥാന വിശ്വാസങ്ങൾ ബലി കഴിക്കാതെ, വിജയശ്രീലാളിതനായി പുറത്തുവരാൻ പ്രഫ. ഫിലിപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഫിലിപ്പിന്റെ നേതൃത്വ പാടവം പ്രകടമായ രണ്ടു സന്ദർഭങ്ങളെപ്പറ്റി പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാലയങ്ങളുടെ ഒരു സംഘടന രൂപീകരിച്ച് എല്ലാ മാനേജ്മെന്റ് വിദ്യാലയങ്ങളിലെയും പഠന രീതികൾ, സിലിബസ് മുതലായവ ആധുനികീകരിക്കാനും അവർ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാനുമുള്ള പരിശ്രമങ്ങൾക്ക് സംഘടനയുടെ ആദ്യ പ്രസിഡന്റായ പ്രഫ. ഫിലിപ്പ് തന്നെ മുൻകൈ എടുക്കുകയും ചെയ്തു.
മറ്റൊരു പുതിയ നീക്കം പ്രഫ. ഫിലിപ്പ് നടത്തിയത് അന്താരാഷ്ട്ര മേഖലയിലായിരുന്നു. 21-ാം നൂറ്റാണ്ടിൽ ശാക്തികച്ചേരികളിലുണ്ടായ മാറ്റങ്ങൾ അദ്ദേഹം നിരീക്ഷിച്ചു. ഇരുപതാം നൂറ്റാണ്ട് ഏഷ്യയിലും ആഫ്രിക്കയിലും തെക്കെ അമേരിക്കയിലുമുള്ള ഉയിർത്തെഴുന്നേറ്റ രാജ്യങ്ങൾക്കും സന്പദ്വ്യവസ്ഥകൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക എന്ന് കണ്ടറിഞ്ഞ അദ്ദേഹം ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ ‘ബ്രിക്സ്’ രാജ്യങ്ങളിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളുടെ ഒരു സംഘടന രൂപീകരിച്ചു. സംഘടനയുടെ ആദ്യ അധ്യക്ഷനും അദ്ദേഹമായിരുന്നു.
തന്റെ സ്വപ്നപദ്ധതിയായ മാനേജ്മെന്റ് വിദ്യാലയം സ്ഥാപിച്ച് നടത്തി, കാര്യക്ഷമമായി സമൂഹത്തിന് സേവനം നൽകുക മാത്രമായിരുന്നില്ല, പ്രഫ. ഫിലിപ്പിന്റെ ലക്ഷ്യം. താൻ ജനിച്ചുവളർന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് വഴിതെളിക്കുന്ന ചില നീക്കങ്ങളും അദ്ദേഹം നടത്തി. അങ്ങനെയാണ് ഏറ്റുമാനൂരിന് സമീപം പള്ളിക്കുന്നിൽ ചങ്ങനാശേരി അതിരൂപതയുടെ എട്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കിന്റർ ഗാർട്ടൻ മുതൽ പ്ലസ്ടു വരെയുള്ള ഒരു ഇന്റർനാഷണൽ സ്കൂൾ എന്ന 30 കോടി രൂപയുടെ പദ്ധതിക്ക് രൂപംനൽകിയത്. ഇതുവരെ 25 കോടി രൂപയോളം അവിടെ മുടക്കി, എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു സ്കൂൾ കെട്ടിടം ഉയർന്നുകഴിഞ്ഞു. നഴ്സറി, എൽകെജി, യുകെജി, ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഏഴു ക്ലാസുകളിലുമായി 150 ഓളം കുരുന്നുകൾ അവിടെ പഠിക്കുന്നുണ്ട്.
(ലേഖകൻ സൈം ചെന്നൈ കാന്പസിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ചെയർമാനാണ്).